News

കുറവിലങ്ങാട് പള്ളി നവീകരണം അവസാനഘട്ടത്തിലേക്ക്...


കുറവിലങ്ങാട്: തനിമയും പ്രൗഢിയും നിലനിര്‍ത്തി ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയിലെ നവീകരണ ജോലികള്‍ അന്തിമഘട്ടത്തിലേക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു തീര്‍ഥാടകരെത്തുന്ന മൂന്നുനോമ്പ് തിരുനാളിനു മുന്‍പു വലിയ പള്ളി പുതുമോടിയണിയും. ക്രൈസ്തവ സഭാ ചരിത്രത്തോളം തന്നെ പഴക്കമുള്ള കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളി വര്‍ഷങ്ങള്‍ക്കു ശേഷമാണു നവീകരിക്കുന്നത്.

പോര്‍ച്ചുഗീസ് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹ ഉള്‍പ്പെടെയുള്ളവയാണു നവീകരിക്കുന്നത്. വേഗത്തില്‍ ജോലികള്‍ പുരോഗമിക്കുന്ന വലിയപള്ളിക്കകത്തു കയറിയാല്‍ കാണാം പുതുമയുടെ പ്രൗഢി. മേല്‍ക്കൂരയുടെ രണ്ടു വശങ്ങളിലും തടിയില്‍ കൊത്തുപണികളോടു കൂടിയ സീലിങ്, നടുവില്‍ സീലിങ്ങിനു മധ്യഭാഗത്തായി പരിശുദ്ധ ദൈവമാതാവ് കുറവിലങ്ങാട്ട് പ്രത്യക്ഷയായി പള്ളി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുന്ന 36 അടി നീളവും 16 അടി വീതിയുമുള്ള കൂറ്റന്‍ ചിത്രം ഇവയൊക്കെ ഒരുക്കിയിട്ടുണ്ട്. ക്യാന്‍വാസില്‍ വരച്ച ഈ ചിത്രം വിശ്വാസികള്‍ക്കു പുത്തന്‍ അനുഭവമായിരിക്കും സമ്മാനിക്കുന്നത്. പുതുക്കി നിര്‍മിക്കുന്ന അള്‍ത്താരയുടെ മുന്‍ഭാഗത്തു മുകളിലായി പരിശുദ്ധ മാതാവിന്റെ കീരിടധാരണത്തിന്റെ ചിത്രവും പൂര്‍ത്തിയായിട്ടുണ്ട്. 

ഗ്ലാസ് മൊസൈസ് ഉപയോഗിച്ചാണ് ഇതു വരച്ചിരിക്കുന്നത്.വലിയ പള്ളിയിലെ നവീകരണത്തിന്റെ ഭാഗമായി വശങ്ങളില്‍ ഗ്ലാസ് ചിത്രങ്ങള്‍, വര്‍ണ വൈവിധ്യമുള്ള ജനാലകള്‍ തുടങ്ങിയവയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ഞായറാഴ്ചകളിലടക്കം ദേവാലയത്തിനുള്‍ക്കൊള്ളാവുന്നതിലധികം തീര്‍ഥാടകരാണ് ഇവിടേക്ക് എത്തുന്നത്. ഇവര്‍ക്കു ദേവാലയത്തിന്റെ ഇരുവശങ്ങളിലിരുമിരുന്നു തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു വേണ്ടിയുള്ള നിര്‍മാണ ജോലികളും പുരോഗമിക്കുകയാണ്.

പോര്‍ച്ചുഗീസ് ബറോക് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹാ കമനീയമാക്കി പള്ളിക്ക് അകത്തുള്ള കബറിടങ്ങള്‍ കൂടുതല്‍ ദൃശ്യമാകുന്ന രീതിയിലാക്കും. മദ്ബഹയില്‍ പറമ്പില്‍ ചാണ്ടി മെത്രാന്റെയും ബേമ്മയില്‍ പനങ്കുഴയ്ക്കല്‍ വല്യച്ചന്‍, നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്നിവരുടെയും കബറിടങ്ങളാണു സ്ഥിതി ചെയ്യുന്നത്. ലൂക്കാ സുവിശേഷകന്‍ വരച്ച മാതാവിന്റെ ചിത്രത്തിന്റെ തനിപ്പകര്‍പ്പായ ചിത്രം ആകര്‍ഷകമാക്കി കൂടുതല്‍ ദൃശ്യമാകുന്ന രീതിയില്‍ പ്രതിഷ്ഠിക്കും. പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്കു വണങ്ങി പ്രാര്‍ഥിക്കാന്‍ കഴിയുംവിധം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കാനും സൗകര്യം ഒരുക്കും. 

മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീര്‍ത്തി കൂടുതല്‍ മനോഹരമാക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഇടവകയിലെ 3096 കുടുംബങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഇടവക പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതിയോടെ ഫൊറോനാ വികാരി റവ. ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിലാണു നവീകരണ ജോലികള്‍ നടപ്പാക്കുന്നത്.

കുറവിലങ്ങാട് പള്ളി

കേരളത്തിലെ ഏറ്റവും വലിയ ഇടവകയാണിത്. 3096 കുടുംബങ്ങള്‍ കുറവിലങ്ങാട് ഇടവകയ്ക്കു കീഴിലുണ്ട്. പാലയൂരില്‍ നിന്ന് എഡി 105ല്‍ എത്തിയതാണു കുറവിലങ്ങാട്ടെ ക്രൈസ്തവ സമൂഹമെന്നാണു ചരിത്രം. എഡി 335ല്‍ പരിശുദ്ധ മാതാവിന്റെ ദര്‍ശനം ലഭിച്ചതോടെയാണു കുറവിലങ്ങാട്ട് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ദേവാലയം കേന്ദ്രീകരിച്ച് ആരാധന സമൂഹം വളര്‍ന്നത്. എഡി 345ല്‍ എദേസ്സയില്‍ നിന്നെത്തിയ മാര്‍ യൗസേപ്പ് മെത്രാനാണ് ആദ്യകാലത്തെ പള്ളിയുടെ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചത്. ഇപ്പോള്‍ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീര്‍ത്തിയുടെ ഭാഗത്തായിരുന്നു ആദ്യ ദേവാലയം.

പിന്നീട് പലവട്ടം പള്ളി പുതുക്കിപ്പണിതു. 1599 ജൂണിനും നവംബറിനുമിടയില്‍ ഉദയംപേരൂര്‍ സുന്നഹദോസിനോടനുബന്ധിച്ചു മെനേസിസ് മെത്രാപ്പൊലീത്ത കുറവിലങ്ങാട് സന്ദര്‍ശിച്ചപ്പോഴാണു കല്ലുകൊണ്ടുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. അതിനു മുന്‍പു മുളകൊണ്ടു നിര്‍മിച്ച ദേവാലയമായിരുന്നു. പുതിയ പള്ളി നിര്‍മിച്ചത് 1954-60 കാലഘട്ടത്തിലാണ്. പഴയ പള്ളിയുടെ മദ്ബഹയും തെക്കും വടക്കുമുള്ള സങ്കീര്‍ത്തികളും നിധീരിക്കല്‍ മാണിക്കത്തനാര്‍ ഉപയോഗിച്ചിരുന്ന മുറിയും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പള്ളി നിര്‍മിച്ചത്.

ഫാ. തോമസ് മണക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു ഇപ്പോള്‍ കാണുന്ന പള്ളിയുടെ നിര്‍മാണം. വലിയപള്ളിയുടെ പിന്‍ഭാഗത്ത് ഒരു വശത്തായാണു ചെറിയ പള്ളി. പറമ്പില്‍ ചാണ്ടിമെത്രാന്റെ കാലത്താണു വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തില്‍ ചെറിയ പള്ളി നിര്‍മിച്ചത്.