News

കുറവിലങ്ങാട് പള്ളി: നവീകരണ ജോലികൾക്ക് തുടക്കമായി

ക്രൈസ്തവ സഭാ ചരിത്രത്തത്തോളംതന്നെ പഴക്കം ചെന്ന കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി കൂടുതല്‍ മനോഹരിയാകുന്നു. പള്ളിയുടെ ചരിത്രവും പൗരാണികതയും വരും തലമുറയിലേക്ക് കൂടുതലായി പകര്‍ന്നു നല്‍കാന്‍ കഴിയുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. 
ലോകത്തിന്റെ നാനാഭാഗത്തുള്ള വിശ്വാസികളുടെ ഏേെറക്കാലത്തെ ആഗ്രഹമായിരുന്നു ദൈവാലയത്തിലെ ചരിത്രപ്രാധാന്യം കൂടുതല്‍ വെളിവാക്കുന്ന നവീകരണം. ഇടവകയിലെ 3096 കുടുംബങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഇടവക പൊതുയോഗം ഐക്യകണ്‌ഠേനയെടുത്ത തീരുമാനമാണ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതിയോടെ ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. 
എഡി 105ല്‍ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യമുള്ള ഇവിടെ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനം നിര്‍ണയം നടത്തിയ ദേവാലയത്തിലാണ് ഇപ്പോള്‍ നവീകരണം നടത്തുന്നത്. എഡി 345ല്‍ ഏദസ്സേയില്‍ നിന്നുവന്ന മാര്‍ യൗസേപ്പ് മെത്രാന്‍ ദൈവാലയത്തിന്റെ വെഞ്ചരിപ്പ് നടത്തിയതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീര്‍ത്തിയുടെ ഭാഗത്തായിരുന്നു ആദ്യ ദേവാലയം. മുളകൊണ്ട് ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ച ദേവാലയമായിരുന്നു ഈ കാലഘട്ടങ്ങളില്‍. 1599 ജൂണിനും നവംബറിനുമിടയില്‍ ഉദയംപേരൂര്‍ സൂനഹദോസിനോട് അനുബന്ധിച്ച് മേനേസിസ് മ്രെത്രാപ്പോലീത്ത കുറവിലങ്ങാട് സന്ദര്‍ശിച്ചപ്പോഴാണ് കല്ലുകൊണ്ടുള്ള ആദ്യ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയതെന്നും ചരിത്രരേഖകളിലുണ്ട്. 
പ്രഥമ തദ്ദേശമെത്രാനായ പറമ്പില്‍ ചാണ്ടിക്കത്തനാര്‍ വികാരിയായിരിക്കെയാണ് ഇപ്പോഴത്തെ ദേവാലയത്തിന് മുന്‍പുണ്ടായിരുന്ന ദേവാലയം നിര്‍മ്മിച്ചത്. പഴയ പള്ളിയുടെ മദ്ബഹയും തെക്കും വടക്കുമുള്ള സങ്കീര്‍ത്തികളും നിധീരിക്കല്‍ മാണിക്കത്തനാര്‍ ഉപയോഗിച്ചിരുന്ന മുറിയും നിലനിര്‍ത്തി 1960ല്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ദൈവാലയം നിര്‍മ്മിച്ചത് ഫാ. തോമസ് മണക്കാട്ട് വികാരിയായിരിക്കുമ്പോഴാണ്. 
നവീകരണത്തിന്റെ ഭാഗമായി പോര്‍ച്ചുഗീസ് ബറോക് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹാ കൂടുതല്‍ കമനീയമാക്കും. പള്ളിയകത്തുള്ള കബറിടങ്ങള്‍ കൂടുതല്‍ ദൃശ്യമാക്കാനും പദ്ധതിയുണ്ട്. മദ്ബഹയില്‍ പറമ്പില്‍ ചാണ്ടിമെത്രാന്റെയും ബേമ്മയില്‍ പനങ്കുഴയ്ക്കല്‍ വല്യച്ചന്‍, നീധീരിക്കല്‍ മാണിക്കത്തനാര്‍ എന്നിവരുടേയും കബറിടങ്ങളാണ് സ്ഥിതി ചെയ്യുന്നത്. 
ലൂക്കാ സുവിശേഷകന്‍ വരച്ച മാതാവിന്റെ ചിത്രത്തിന്റെ തനിപകര്‍പ്പായ ചിത്രം കൂടുതല്‍ ആകര്‍ഷകവും ദൃശ്യവുമായ രീതിയില്‍ പ്രതിഷ്ഠിക്കും. ദേവാലയത്തില്‍ ഉണ്ടായിരുന്നതും കാലപ്പഴക്കത്തില്‍ ഭാഗികമാറ്റങ്ങള്‍ ഉണ്ടായതുമായ സൈഡ് അള്‍ത്താരകളും നവീകരണത്തിന്റെ ഭാഗമായി കമനീയമായി പ്രതിഷ്ഠിക്കും. പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്ക് വണങ്ങി പ്രാര്‍ത്ഥിക്കാന്‍ കഴിയുംവിധം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കാനും സൗകര്യം ഒരുക്കും. 
മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീര്‍ത്തി കൂടുതല്‍ തേജോമയമാക്കാനും പദ്ധതിയിടുന്നുണ്ട്. മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികള്‍ക്ക് കാണിച്ചുനല്‍കിയ അത്ഭുത ഉറവ പൂര്‍വരൂപത്തില്‍ ദൃശ്യവല്‍ക്കരിച്ച് കൂടുതല്‍ ഭക്തിമയമാക്കി പൂജ്യസംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. 
ഞായറാഴ്ചകളിലടക്കം ദേവാലയത്തിനുള്‍ക്കൊള്ളാവുന്നതിലധികം എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവാലയത്തിന്റെ ഇരുവശങ്ങളിലിരുമിരുന്ന് തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങളും നടത്തും.

NB: വലിയ പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ തിരുകര്‍മ്മങ്ങള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ചെറിയപള്ളിയിലായിരിക്കും നടക്കുന്നത്.